കണ്ണൂർ: റബർ ആവർത്തന കൃഷിക്കായി ഹെക്ടറിന് 75,000 രൂപ വരെ സർക്കാരിൽനിന്ന് നേരിട്ട് ധനസഹായം നൽകുന്ന പദ്ധതിക്ക് കർഷർക്ക് അപേക്ഷിക്കാം. ലോക ബാങ്കിന്റെ സഹായത്തോടെ നടപ്പാക്കുന്ന കേര ( കേരള ക്ലൈമറ്റ് റെസിലിയന്റ് അഗ്രി വാല്യു ചെയിൻ മോഡേണൈസേഷൻ) പദ്ധതിയിലൂടെയാണ് പുനർ നടീലിന് സഹായം ലഭ്യമാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. ഉത്പാദനക്ഷമത കുറഞ്ഞ പഴയ മരങ്ങൾ മുറിച്ചു മാറ്റി പകരം കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാനും ഉയർന്ന ഉത്പാദനക്ഷമതയുമുള്ള പുതിയ ഇനങ്ങളാണ് കേര പദ്ധതി പ്രോത്സാഹിപ്പിക്കുന്നത്.
സംസ്ഥാനത്ത് 30,000 ഹെക്ടറിൽ റബർ പുതുനടീൽ നടപ്പാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഇതിലൂടെ ഏകദേശം 50,000 റകർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം ലഭ്യമാക്കും. 25 സെന്റെ മുതൽ അഞ്ചു ഹെക്ടർ വരെ റബർ കൃഷിയുള്ള ചെറുകർഷകർക്ക് പ്രത്യേക പ്രാധാന്യം നൽകിയാണ് പദ്ധതി നടപ്പാക്കുകക. ആദ്യ വർഷം 55,000 രൂപയും രണ്ടാം വർഷം 20,000 രൂപയും എന്ന രീതിയിൽ ഓരോ കർഷകനും പരമാവധി രണ്ടു ഹെക്ടർ വരെയുള്ള പുനർനടീലിന് ധനസഹായം ലഭ്യമാകും.
ധനസഹായത്തോടൊപ്പം കേര പദ്ധതിയുടെ ഭാഗമായുള്ള ശാസ്ത്രീയ കൃഷിമുറകളും പ്രകൃതി സൗഹൃദ കാലാവസ്ഥ അതിജീവന രീതികളും കർഷകർക്ക് പകർന്നു നൽകും. പുതുനടീലിൽ മികച്ച ഇനങ്ങൾ ഉപയോഗിക്കുന്നതിനാൽ ദീർഘകാലത്തേക്ക് ഉത്പാദനം ലഭിക്കുകയും വരുമാനം വർധിക്കുകയും ചെയ്യും. പദ്ധതിയുടെ ഭാഗമായി കാലാവസ്ഥാ പ്രതിരോധ ശേഷിയുള്ള അത്യുത്പാദന റബർ തൈകൾ കർഷകർക്ക് എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് 30 അംഗീകൃത നഴ്സറികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിന് സ്കീമിൽ പിന്തുണയുൾപ്പെടുത്തിയിട്ടുണ്ട്. നല്ല തൈകൾ കുറഞ്ഞ ചെലവിൽ കർഷകർക്ക് ലഭ്യമാക്കുന്നതിന് ഓരോ നഴ്സറിക്കും പരമാവധി ആറു ലക്ഷം രൂപ വരെ സബ്സിഡിയും അനുവദിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
പുതുനടീൽ പദ്ധതിയുടെ ധനസഹായത്തിനായി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.അപേക്ഷകരെ റബർ ബോർഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലന പരിപാടികളിലേക്ക് ക്ഷണിക്കും. യോഗ്യരായവർക്ക് സഹായം ലഭ്യമാക്കുന്നതിനും പുനർ നടീൽ ശരിയായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും ഫീൽഡ് ഓഫീസർമാരും ഉണ്ടാകും.
അപേക്ഷിക്കുമ്പോൾ തിരിച്ചറിയൽ രേഖ, ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, കൈവശാവകാശ സർട്ടിഫിക്കറ്റ്, കൃഷിയിടത്തിന്റെ സ്കെച്ച്, അംഗീകൃത നഴ്സറിയിൽ നിന്ന് നടീൽ വസ്തുക്കൾ വാങ്ങിയതിന്റെ ബിൽ തുടങ്ങിയ രേഖകളും ഓൺലൈനായി സമർപ്പിക്കണം.
താത്പര്യമുള്ള കർഷകരും നഴ്സറികളും കേര പദ്ധതിയുടെ ഭാഗമായി തയറാക്കിയ www. keraplantation.kerala.gov.in ഓൺ ലൈൻ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങൾക്ക് കണ്ണൂരിലുള്ള നോർത്ത് കേരള റീജണൽ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 7698243657, 7306595447.